Sunday, July 29, 2012

ഒരു വെടക്കൻ വീരഗാഥ


ലയാള സിനിമയിലെ യാഥാസ്ഥിതികമായ ചട്ടക്കൂടുകളേയും, നിലവിലുള്ള കാമുക സങ്കൽപ്പങ്ങളേയും ഒറ്റ സിനിമ കൊണ്ട്‌ മാറ്റിമറിച്ച നിത്യഹരിത കന്യകൻ... ഏകാഗ്രമാക്കപ്പെട്ട മനസ്സും ശരീരവും വെറുമൊരു കൈവിരൽ മുദ്രയിൽ ആവാഹിച്ച്‌ എതിരാളികളുടെ ചങ്ക്‌ വിറപ്പിച്ചവൻ... ഇതാ നിങ്ങൾ കാത്തിരുന്ന താരോദയമെന്ന് സ്വയം വിശേഷിപ്പിച്ചവൻ... സിനിമയിൽ ഫുഡ്‌ കോർപ്പറേഷൻ ഓഫ്‌ ലൊക്കേഷൻ (മെസ്സ്‌) മുതൽ ഡയറക്ഷൻ വരെ ഒറ്റയ്ക്ക്‌, ഒറ്റയടിക്ക്‌ നെഞ്ച്‌ വിരിച്ച്‌ പൊളന്ന് തള്ളിയവൻ... സന്തോഷ്‌ പണ്ഡിറ്റിന്‌ വിശേഷണങ്ങൾ അനവധിയാണ്‌.... വാഴ്ത്തിയാലും വാഴ്ത്തിയാലും തീരാത്ത അപദാനങ്ങൾ.. അതൊരിക്കലും അവസാനിക്കുന്നേയില്ല. പണ്ഡിറ്റ്‌ വിഹരിക്കാത്ത മേഖലകൾ എന്തേലും ബാക്കിയുണ്ടെങ്കിൽ അതെന്താണെന്ന് കണ്ടുപിടിച്ച്‌ ഇദ്ദേഹത്തിന്‌ ലഭിക്കാൻ പോകുന്ന ഗിന്നസ്‌ തകർക്കാൻ അഹോരാത്രം പാടുപെടുന്ന സൂപ്പർ താരങ്ങളുടെ ഫാൻസ്‌ഗുണ്ടകൾ ഇപ്പോഴും ശ്രമങ്ങൾ തുടരുന്നു എന്നാണ്‌ സന്തോഷിന്റെ ഫാൻസുകാർ പറഞ്ഞു പറഞ്ഞുപരത്തുന്നത്‌. സന്തോഷ്‌ പണ്ഡിറ്റ്‌ സത്യത്തിൽ ഒരവതാരമാണ്‌.., ആണ്ടിലും സംക്രാന്തിയ്ക്കും പിറവിയെടുക്കുന്ന അപൂർവ്വാവതാരം.. കാര്യം എന്തരൊക്കെയായാലും ഒന്നുണ്ട്‌; ഇച്ഛാശക്തികൊണ്ട്‌ നേടാനാവാത്തതായി യാതൊന്നുമില്ലെന്ന് പണ്ഡിറ്റ്‌ നമ്മെ ഓർമ്മിപ്പിച്ചു. അതുതന്നെയാണ്‌ അദ്ദേഹത്തിൽ കാണുന്ന ഒരേയൊരു മേന്മയും. അവഹേളനങ്ങളിൽ തളർന്നു പോകാതെ, തനിക്ക്‌ നേരെയുള്ള പരിഹാസത്തെത്തന്നെ തന്റെ പബ്ലിസിറ്റിയാക്കി കരുത്തോടെ ഉയിർത്തെഴുന്നേറ്റ്‌ വരുമ്പോൾ പിഴയ്ക്കുന്നത്‌ നമ്മിലൂറിയ പരിഹാസമാണ്‌, അല്ലാതെ എന്തിനേയും നേരിടാനുള്ള ഒരു മനുഷ്യന്റെ ആർജ്ജവമല്ല.

പണ്ഡിറ്റിനെ വിറ്റുമുതലാക്കിയ ചാനലുകാരും, മറ്റ്‌ മീഡിയാസുമാണ്‌ യഥാർത്ഥത്തിൽ പൊളവന്മാർ. വില്ലനെ ചവിട്ടിയരയ്ക്കുന്ന ഗർജ്ജിക്കുന്ന സിങ്കമായും, 80 കിലോ ഭാരമുള്ള നായികയെ പുഷ്പം പോലെ (?) പൊക്കിയെടുത്ത്‌ വട്ടം കറക്കി നട്ടം തിരിച്ച നായകനായും, അക്രമത്തിനും, അനീതിയ്ക്കുമെതിരെ തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന ഡയലോഗുകളുടെ പുതിയ സമവാക്യങ്ങളെറിയുന്ന ക്ഷുഭിതയൗവനമായുമൊക്കെ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന 'സകലകലാവല്ലഭൻ' നമ്മോട്‌ സംവദിക്കുന്നുണ്ട്‌. ഇത്തവണത്തെ സംസ്ഥാന അവാർഡ്‌ സത്യസന്ധമല്ലെന്നുള്ള സന്തോഷിന്റെ പ്രസ്സ്‌ മീറ്റ്‌ ഈയിടെ കഴിഞ്ഞിരുന്നു. തനിക്കും, മോഹൻലാലിനും അവാർഡ്‌ നൽകാത്തത്‌ അണിയറയ്ക്കുള്ളിലെ ഗൂഢാലോചനയാണെന്ന് പറഞ്ഞ്‌ സന്തോഷ്‌ തന്റെ രോഷം പ്രസ്സ്മീറ്റിൽ രേഖപ്പെടുത്തി. പണ്ഡിറ്റിന്റെ അടുത്ത പടം 'ജിത്തു ഭായ്‌ എന്ന ചോക്ലേറ്റ്‌ ഭായ്‌' ആണ്‌. വൈകാതെ തന്നെ അത്‌ റിലീസ്‌ ചെയ്യപ്പെടും, തിക്തഫലം അനുഭവിക്കുക തന്നെ. റിലീസ്‌ ചെയ്യാൻ പോകുന്ന പുതിയ സിനിമ 'സൂപ്പർസ്റ്റാർ സന്തോഷ്‌ പണ്ഡിറ്റ്‌' എന്ന ചിത്രമാണ്‌. തന്റെ ആരാധകരെ 101 ശതമാനം തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും   'സൂപ്പർസ്റ്റാർ സന്തോഷ്‌ പണ്ഡിറ്റെന്ന്' അദ്ദേഹം  പ്രഖ്യാപിക്കുകയുണ്ടായി. പല പ്രമുഖ സംവിധായകരും അവരുടെ സിനിമയിൽ നായകവേഷം ചെയ്യാൻ തന്നെ ക്ഷണിക്കുന്നുണ്ടെന്ന് പറയുമ്പോൾ ആലോചിച്ചു നോക്കൂ പണ്ഡിറ്റിന്റെ താരപ്രഭ. സാറ്റലൈറ്റ്‌ ചാർട്ടിൽപ്പോലും മുന്നിൽ നിൽക്കുന്ന സന്തോഷിന്‌ മികച്ച തുകയാണ്‌ ചാനലുകാർ ഓഫർ ചെയ്യുന്നതെന്ന് പറഞ്ഞുകേൾക്കുന്നുണ്ട്‌, എന്തരോ എന്തോ... തന്നെ സമീപിക്കുന്ന സംവിധായകരുടെ തിരക്കഥ പൂർണ്ണമായും വായിച്ചുനോക്കി, കഥയിൽ പുതുമയും, തനിക്ക്‌ പൂണ്ട്‌ വിളയാടാൻ സാധ്യതയും ഉണ്ടെന്ന്‌ ഉറപ്പുവരുത്തിയശേഷം മാത്രമേ ഇദ്ദേഹം ഡേറ്റ്‌ കൊടുക്കാറുള്ളൂ. എന്തായാലും സന്തോഷിനെ വച്ച്‌ പടം ചെയ്യുന്നവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ മുടക്കിയ കാശ്‌ ഇരട്ടിയോടെ തിരിച്ചു കിട്ടുമെന്നത്‌ പരമമായ സത്യമാണ്‌. എം.ടി യുടെ തിരക്കഥയായാൽപ്പോലും വ്യത്യസ്തമായ എന്തെങ്കിലുമുണ്ടെങ്കിൽ മാത്രമേ അഭിനയിക്കാൻ പോകൂ എന്ന് വീറോടെ പറയുന്ന സന്തോഷ്‌ പണ്ഡിറ്റ്‌, ഒരു വടക്കൻ വീരഗാഥയിൽ മമ്മൂട്ടിക്ക്‌ പകരം താനായിരുന്നു അഭിനയിച്ചിരുന്നതെങ്കിൽ ഏറെ മനോഹരമായേനെ എന്നുകൂടി പ്രസ്സ്‌ മീറ്റിൽ കൂട്ടിച്ചേർത്തു.

നേരും നുണയും: വടക്കൻ വീരഗാഥയുടെ രണ്ടാം ഭാഗത്തിൽ ഒരിക്കലും മരിക്കാത്ത ചന്തുവായി അഭിനയിക്കാൻ വിളിക്കുകയാണെങ്കിൽ തങ്ങളുടെ സൂപ്പർസ്റ്റാർ രണ്ടും കയ്യും നീട്ടി സ്വീകരിക്കുമെന്ന് ഫാൻസുകാർ ഒരേ സ്വരത്തിൽ പറയുമ്പോൾ നിലവിലുള്ള താരസിംഹാസനങ്ങൾ വൈകാതെ തകർന്നുവീഴും എന്നൊരു ധ്വനിപ്പിക്കൽ ഫാൻസിന്റെ വാക്കുകളിൽ ഇല്ലേയെന്നൊരു സംശയം ബാക്കിയാകുന്നു. സന്തോഷിനെ നിസ്സാരനായി കാണേണ്ട, കഴിയുന്നതേ ഇദ്ദേഹം ചെയ്യൂ, ചെയ്യുന്നതേ ഇദ്ദേഹത്തിന്‌ കഴിയൂ.

വാലും തുമ്പും: മലയാള സിനിമയിലെ പല സൂപ്പർ താരങ്ങൾക്കും ഭീഷണിയായി സന്തോഷ്‌ പണ്ഡിറ്റ്‌ വളരുകയാണ്‌, യാതൊരു പ്രൊമോഷനുമില്ലാതെ. സ്വന്തം നാവുതന്നെ പ്രൊമോഷനു പറ്റിയ ആയുധമാക്കിയ സന്തോഷ്‌ പണ്ഡിറ്റ്‌ മലയാള സിനിമയിലെ അവിഭാജ്യഘടകമാകുന്ന കാലം വിദൂരമല്ല എന്ന് സാരം.

1 comment:

ajith said...

ഇതിലേതാ ഞാന്‍..
കലക്കീട്ടാ...